ആലപ്പുഴ : കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ കൈറ്റ് ആലപ്പുഴ സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് ഫെസ്റ്റ് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ നടന്നു. ജില്ലയിലെ അമ്പതിലേറെ ഹൈസ്കൂളുകളിൽ നിന്നായി ഇരുന്നൂറിലേറെ കുട്ടികൾ പൂർണ്ണമായും സ്വന്തമായി നിർമിച്ച റോബോട്ടിക് ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ജി സൈറസ് അധ്യക്ഷത വഹിച്ചു. കൈറ്റ് സിഇഒ കെ അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ഓസ്കാർ നേടിയ ഹോളിവുഡ് ചിത്രത്തിലെ വിഷ്വൽ എഫക്റ്റ്സ് ടീമംഗവും ആലപ്പുഴ സ്വദേശിയുമായ അലിഫ് അഷറഫ് ആനിമേഷനെപ്പറ്റി കുട്ടികളുമായി സംസാരിച്ചു. ഇന്ത്യ ഗവൺമെന്റിന്റെ വിവിധ അവാർഡുകൾ കരസ്ഥമാക്കിയ ആലപ്പുഴ കേന്ദ്രമാക്കിയ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് കമ്പനി ടെക്ജൻഷ്യ സിഇഒ ജോയി സെബാസ്റ്റ്യൻ കുട്ടികളുമായി സംവദിച്ചു.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നൂറു കണക്കിന് കുട്ടികൾ പ്രദർശനം കാണാൻ എത്തി.