പത്തനംതിട്ട : വീട് ചോദിക്കാനെന്ന വ്യാജേന സ്കൂട്ടർ ഓടിച്ച് അരികിലെത്തിയശേഷം വയോധികയുടെ കഴുത്തിലെ മാല കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുകയും, തടയാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്ത മോഷ്ടാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം പട്ടാഴി കന്നിമേൽ പന്തപ്ലാവ് ചിത്രാലയം വീട്ടിൽ എസ് ശരത് (33) ആണ് പിടിയിലായത്. കേസിൽ ഇയാൾ ഒന്നാം പ്രതിയാണ്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാം പ്രതി കൊല്ലം പട്ടാഴി പന്തപ്ലാവ് ,ശംഭു ഭവനത്തിൽ ആദർശ് രവീന്ദ്ര(26) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
5 ന് വൈകിട്ട് ഏഴോടെ 63 കാരിയായ വീട്ടമ്മ ഭർത്താവിൻെറ കുടുംബ വീട്ടിൽ നിന്നും പുറത്ത് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് പ്രതികൾ സ്കൂട്ടറിലെത്തി മാല കവർന്നത്. ഇടപ്പാവൂർ ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയിൽ കൂടി നടന്ന് പോയ ഇടപ്പാവൂർ സ്വദേശിനിയായ 63 കാരിയുടെ 16 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് സ്കൂട്ടറിലെത്തിയ മോഷ്ടാക്കൾ കവർന്നെടുത്തത്.
മാലപൊട്ടിക്കുന്ന ബഹളം കേട്ട് വീട്ടിൽ നിന്നും ഓടിയെത്തിയ മകൻ സന്ദീപ് ആദർശിനെ ഓടിച്ചിട്ട് പിടികൂടിയെങ്കിലും ശരത് രക്ഷപ്പെട്ടിരുന്നു. രണ്ട് കഷ്ണമായ മാലയുമായാണ് ഇയാൾ രക്ഷപ്പെട്ടത്.
കോയിപ്രം പോലീസ് ഉടനെതന്നെ സ്ഥലത്തെത്തി ആദർശിനെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഒന്നാം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
ജില്ല പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ, കുളക്കട തുരുത്തിയമ്പലത്തിലെ ബന്ധുവീട്ടിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് പോലീസ് സംഘം അവിടെയെത്തി ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.