ആലപ്പുഴ: ഒരു ഇടവേളയക്ക് ശേഷം തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി കേരളത്തിൽ എത്തി. ആലപ്പുഴയിൽ മെഗാ 157ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് എത്തിയത്. നിലവില്‍ പുരോഗമിക്കുന്ന ഷെഡ്യൂളില്‍ ഒരു ഗാന രംഗം ചിത്രീകരിക്കുന്നത് ആലപ്പുഴ പശ്ചാത്തലത്തിലാണ്. ചിത്രത്തിലെ നായികയായ നയന്‍താരയും ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്.
രണ്ട് വര്‍ഷത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് മെഗാ 157. മുന്‍പ് രണ്ട് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ചിരഞ്ജീവിയുടെ നായികയായി നയന്‍താര എത്തുന്നത് ഇത് ആദ്യമായാണ്. സൈറാ നരസിംഹ റെഡ്ഡി, ഗോഡ്‍ഫാദര്‍ (ലൂസിഫര്‍ തെലുങ്ക് റീമേക്ക്) എന്നീ ചിത്രങ്ങളിലാണ് മുന്‍പ് ചിരഞ്ജീവിയും നയന്‍താരയും ഒരുമിച്ച് അഭിനയിച്ചത്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മാസ് എന്‍റര്‍ടെയ്നര്‍ ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ രവിപുഡിയാണ്. ചിത്രത്തിന്‍റെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സംഘം ആലപ്പുഴയില്‍ എത്തിയിരിക്കുന്നത്. പ്രമുഖ കൊറിയോഗ്രാഫര്‍ ഭാനുവും ആലപ്പുഴ ഷെഡ്യൂളില്‍ പങ്കെടുക്കുന്നുണ്ട്. അനില്‍ രവിപുഡിയുടെ വിജയചിത്രം സംക്രാന്തി കി വസ്തുനത്തിലും കൊറിയോഗ്രഫര്‍ ആയി ഭാനു ഉണ്ടായിരുന്നു. ആലപ്പുഴയിലെ ഷെഡ്യൂള്‍ ജൂലൈ 23 വരെ ഉണ്ടാവുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ പറഞ്ഞു.






