തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി അന്വേഷണസംഘം. ഇന്നലെ രാത്രിയോടെ എസ്ഐടി അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത്, നോട്ടീസ് നൽകി വിട്ടയച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ പ്രകാരം ദ്വാരപാലക പാളികൾ അനന്ത സുബ്രഹ്മണ്യൻ സന്നിധാനത്ത് നിന്ന് എടുത്തു, പിന്നീട് അവ നാഗേഷിന് കൈമാറിയെന്നാണ് കണ്ടെത്തിയത്. എസ്ഐടി സ്ഥിരീകരിച്ചതിനെ തുടർന്ന് സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ചയാണെന്ന് വ്യക്തമായി.
കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചനയിലൂടെ സ്വർണം കവർന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 1998ൽ ദ്വാരപാലക ശിൽപങ്ങൾ അടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞ് നൽകിയതായും, പ്രതികൾക്ക് പിടിക്കപ്പെടാതിരിക്കാൻ സ്വർണം മാറ്റിപ്പൂശിയതായും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.