ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചും ചർച്ചയായി. രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും സംഘം പ്രധാനമന്ത്രിയെ അറിയിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരും കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി അനൂപ് ആന്റണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.






