തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ചെന്നു പരാതി.മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കൊല്ലം പന്മന സ്വദേശി വേണു (48)വാണ് മരിച്ചത്.താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.
ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച വേണു.അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കു വേണ്ടി വെള്ളിയാഴ്ചയാണ് കൊല്ലത്തുനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ എത്തിയത് .എന്നാൽ അഞ്ചു ദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് പരാതി . ഇന്നലെയാണ് വേണു മരിച്ചത് .
മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ മെഡിക്കല്‍ കോളജില്‍ വലിയ അഴിമതിയാണെന്നും താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയാണെന്നും പറയുന്നു .നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നും സന്ദേശത്തിൽ ആരോപിക്കുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു.അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നത് .






