ന്യൂദൽഹി: ഡൽഹി സ്ഫോടനത്തിലെ കുറ്റവാളികളെ വേട്ടയാടിപ്പിടിടിക്കുമെന്നും അവർ ചെയ്ത കുറ്റകൃത്യത്തിന് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഫരീദാബാദിൽ നടന്ന നോർത്തേൺ സോണൽ കൗൺസിലിന്റെ (എൻസെജഡ്അസി) 32-ാമത് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭീകരതയെ അതിന്റെ വേരോടെ പിഴുതെടുക്കുകയാണ് ലക്ഷ്യം, അദ്ദേഹം പറഞ്ഞു. ഡൽഹി സ്ഫോടനത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. ദൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ മറ്റൊരു നിവാസിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.
ഡാനിഷ് എന്നറിയപ്പെടുന്ന ജാസിർ ബിലാൽ വാണി എന്ന പ്രതി ചാവേർ ബോംബർ ഡോ. ഉമർ ഉൻ നബിയുമായി അടുത്ത ബന്ധം പുലർത്തിയതായും സാങ്കേതിക സഹായം നൽകിയതായും തെളിവുകൾ ലഭിച്ചു. അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് സ്വദേശിയായ വാണി ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ സജീവ പങ്കുവഹിച്ചതായി കരുതപ്പെടുന്നു.
ദേശീയ തലസ്ഥാനത്ത് നടന്ന സ്‌ഫോടനത്തിന് മുമ്പ് അയാൾ ഡ്രോണുകൾ പരിഷ്‌കരിക്കുകയും റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുവന്നു. ഡൽഹി സ്‌ഫോടനം നവംബർ 10 ന് വൈകിട്ട് ആയിരുന്നു നടന്നത്.






