പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ നടപടിക്രമം മറികടന്ന് പത്മകുമാർ പോറ്റിയെ സഹായിച്ചെന്നും സ്വർണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയെന്നും പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ട്. 2019ല്‍ ചേർന്ന ദേവസ്വം യോഗത്തില്‍ പത്‌മകുമാർ സ്വന്തം കൈപ്പടയില്‍ ചെമ്പുപാളി എന്ന് എഴുതിയെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെയാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പത്മകുമാർ അറസ്റ്റിലായത്.
പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകളാണെന്ന് വ്യക്തമാണ്. ഉണ്ണി കൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറാനുള്ള നിർദേശം ദേവസ്വം ബോർഡില്‍ ആദ്യം അവതരിപ്പിച്ചത് എ പത്‌മകുമാർ എന്നാണ് എസ്‌ഐടി കണ്ടെത്തല്‍. അപേക്ഷ താഴെ തട്ടില്‍ നിന്നും വരട്ടെ എന്ന് ബോർഡ് നിർദേശിച്ചതോടെ മുരാരിയില്‍ നിന്നും കത്തിടപാട് തുടങ്ങി. പോറ്റിക്ക് അനുകൂലമായ നിർദേശങ്ങള്‍ പത്മകുമാർ നല്‍കിയെന്നാണ് ഉദ്യോഗസ്ഥമൊഴി. ബോർഡ് മിനുട്സില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ തിരുത്തല്‍ വരുത്തിയെന്നും എസ്‌ഐടി കണ്ടെത്തി. നിങ്ങള്‍ വരുമെന്ന് ഉറപ്പായിരുന്നു എന്നാണ് അന്വേഷണ സംഘത്തോട് പത്മകുമാർ പ്രതികരിച്ചത്.
അതേസമയം എ പത്മകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച റിപ്പോർട്ട് നല്‍കും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടല്‍ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. നിർണായക തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാല്‍ പ്രത്യേക അന്വേഷണ സംഘം കരുതലോടെയാണ് അറസ്‌റ്റിന് മുൻപ് കരുക്കള്‍ നീക്കിയത്.






