ന്യൂഡൽഹി: യുഎസിന്റെ കടുത്ത സമ്മർദങ്ങൾ നിലനിൽക്കേയും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാൻ ഇന്ത്യ തയ്യാറാകുന്നു. നവംബറിൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി 4 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതാണിത്.സെൻറർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡിസംബറിലും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ശക്തമായ നിലയിൽ തുടരുകയാണ്.
നവംബറിലും റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണ്. റഷ്യയുടെ മൊത്തം എണ്ണ കയറ്റുമതിയിൽ 47 ശതമാനവും ചൈനയിലേക്കായിരുന്നു. ഇന്ത്യ 38 ശതമാനം എണ്ണ വാങ്ങി. ഇത് കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും ഉയർന്ന വിഹിതമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
നവംബറിൽ ഇന്ത്യ ഏകദേശം 260 കോടി യൂറോ മൂല്യമുള്ള എണ്ണയാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഒക്ടോബറിൽ ഇത് 250 കോടി യൂറോ ആയിരുന്നു. തുർക്കിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും 6 ശതമാനം വീതമാണ് റഷ്യൻ എണ്ണ ഒഴുകിയത്.
ഇന്ത്യൻ വിപണി നിലനിർത്താൻ റഷ്യ കഴിഞ്ഞമാസം എണ്ണയ്ക്ക് നൽകിയ ഡിസ്കൗണ്ട് വർധിപ്പിച്ചു. ബാരലിന് 6.66 ഡോളർ എന്നതാണ് നവംബറിലെ ഡിസ്കൗണ്ട്. ഒക്ടോബറിൽ ഇത് 4.92 ഡോളർ ആയിരുന്നു. സെപ്റ്റംബറിൽ 5.13 ഡോളർ ലഭിച്ചിരുന്നു.ഇന്ത്യ പ്രധാനമായും റഷ്യയിൽ നിന്നുള്ള യൂറൽസ് ഇനം എണ്ണയാണ് വാങ്ങുന്നത്. ഇതിന്റെ ശരാശരി വില ബാരലിന് 55 ഡോളർ. യൂറോപ്യൻ യൂണിയൻ നിശ്ചയിച്ച പരമാവധി വിലയായ 47.6 ഡോളറിനേക്കാൾ കൂടുതലാണിത്.






