ശബരിമല: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കയങ്കി ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്തെത്തും. ശനിയാഴ്ചയാണ് മണ്ഡലപൂജ. തങ്കയങ്കി ഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറൻമുള പാർഥസാര ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടത്. വ്യാഴാഴ്ച കോന്നിയിൽ തുടങ്ങി പെരിനാട് അവസാനിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പമ്പയിലെത്തും.
വൈകീട്ട് 5-ന് ശരംകുത്തിയിൽ ആചാരപൂർവം തങ്കയങ്കി സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. പതിനെട്ടാംപടി കയറിയെത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും സോപാനത്ത്ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പന് ചാർത്തി ദീപാരാധന നടത്തും.
ശനിയാഴ്ച രാവിലെ 10.10-നും 11.30-നും ഇടയിലാണ് മണ്ഡലപൂജ. അന്ന് രാത്രി 11-ന് നട അടയ്ക്കുന്നതോടെ മണ്ഡല ഉത്സവത്തിന് സമാപനമാകും. മകരവിളക്കിനായി 30-ന് വീണ്ടും നടതുറക്കും. ശബരിമലയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.






