അയിരൂർ: 114 – മത് അയിരൂർ – ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന്റെ പന്തൽ കാൽനാട്ട് കർമം പമ്പാ മണൽ പുറത്ത് വിദ്യാധിരാജ നഗറിൽ നടന്നു ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ ഹരിദാസ് കാൽനാട്ട് നിർവഹിച്ചു. രാവിലെ ആചാര്യ സുനിൽ മഹാദേവന്റെ നേതൃത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഭൂമി പൂജയും, വാസ്തു പൂജയും നടന്നു.
അമ്പതിനായിരം പേരെ ഉൾകൊള്ളാൻ പാകത്തിനുള്ള ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പന്തൽ ആണ് ഒരുങ്ങുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും അന്നദാനം നൽകുക എന്ന ലക്ഷ്യത്തോടെ പന്തലിനോട് ചേർന്നു രണ്ടായിരത്തി അഞ്ഞൂറോളം പേർക്കുള്ള അന്നദാന പുരയും ഒരുങ്ങുന്നുണ്ട്. വിവിധ കരകളിൽനിന്നും സമാഹരിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് അന്നദാനം ക്രമികരിക്കുന്നത്.
അയിരൂർ – ചെറുകോൽ കരകളെ ബന്ധിപ്പിക്കുന്ന താല്കാലിക പാലം നിർമ്മാണം ഈ മാസം പൂർത്തിയാകും. വിദഗ്ദ്ധ ഡോക്ടർമാരുടെ മുഴുവൻ സമയ സേവനവും, ആംബുലൻസ് സൗകര്യത്തോടെ കൂടിയും ഉള്ള ആയുർവേദ, അലോപ്പതി, ഹോമിയോ ഡിസ്‌പെൻസറികൾ പന്തലിനോട് ചേർന്നു ക്രീമികരിക്കും.
റെയിൽവേ സ്റ്റേഷനിൽ നിന്നും, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പരിഷത്ത് നഗറിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തും. അയ്യായിരം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിംഗ് ഏരിയ ക്രമീകരിക്കും.
പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് നടത്തുന്നത്. മാലിന്യ നിർമാർജനത്തിന് 101 അംഗ ഹരിത കർമ്മ സേന അംഗങ്ങളുടെ സേവനം ലഭ്യമാക്കും
ഹിന്ദുമത മഹാമണ്ഡലം ജനറൽ സെക്രട്ടറി എ. ആർ വിക്രമൻ പിള്ള, ട്രഷറർ റ്റി . കെ സോമനാഥൻ നായർ, വൈസ് പ്രസിഡന്റ്‌മാരായ മാലേത്തു സരളാദേവി , കെ.കെ. ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ അഡ്വ. ഡി രാജഗോപാൽ, കെ ആർ വേണുഗോപാൽ, ജി. രാജ്കുമാർ, പന്തൽ – സ്റ്റാൾ ജനറൽ കൺവീനർ ജോതിസ് വി പിള്ള, വി. കെ രാജഗോപാൽ, ജി കൃഷ്ണകുമാർ, ശ്രീജിത്ത് അയ്‌രൂർ, അനിരാജ് ഐക്കര, അഡ്വ. കെ ജയവർമ്മ, കെ എസ് സദാശിവൻ നായർ, എം ആർ ജഗൻമോഹൻദാസ്, എൻ. ജി ഉണ്ണികൃഷ്ണൻ, പി എൻ സോമൻ, ശ്രീകുമാർ ഇരുപ്പക്കാട്ട്, രത്നമ്മ വി പിള്ള, രാധാ എസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു






