അയിരൂർ: ജില്ലാ കഥകളി ക്ലബ്ബിന്‍റെ പത്തൊന്‍പതാമതു കഥകളിമേളയ്ക്ക് അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് (ശ്രീവിദ്യാധിരാജ നഗര്‍) തിരി തെളിഞ്ഞു. കഥകളിയുടെ ഏഴ് രാപ്പകലുകളാണ് ഇനിയുള്ള നാളുകളില്‍ കഥകളി ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്. കുട്ടികള്‍ക്ക് കഥകളി കാണാനും അടുത്തറിയുവാനുമുള്ള അവസരങ്ങൾ പഠനക്കളരികളില്‍ നടക്കും.
സംവിധായകന്‍ ബ്ലസ്സി കഥകളി മേള ഉദ്ഘാടനം ചെയ്തു. മനുഷ്യമനസ്സിലെ നന്മയെ പരിപോഷിപ്പിക്കുന്ന മേളയാണ് ഇവിടെ നടക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. കഥകളിയെന്നത് കഥ പറച്ചിലിന്‍റെയും അതിന്‍റെ ദൃശ്യാവിഷ്ക്കാരത്തിന്‍റെയും ഏറ്റവും മഹനീയമായ മാതൃകയാണ്. അതിന് അരങ്ങൊരുക്കുക വഴി അയിരൂര്‍ കഥകളിഗ്രാമത്തിന്‍റെ പ്രാധാന്യവും പെരുമയും വര്‍ദ്ധിക്കുകയാണ് മേളയില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രമോദ് നാരായണന്‍ എം. എല്‍. എ പറഞ്ഞു. ക്ലബ്ബ് പ്രസിഡന്‍റ് റ്റി. പ്രസാദ് കൈലാത്ത് അദ്ധ്യക്ഷത വഹിച്ചു.
അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുഴിവേലില്‍, നടൻ മോഹന്‍ അയിരൂര്‍, ഡോ. ജോസ് പാറക്കടവില്‍, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, ഡോ. ബി. ഉദയനന്‍, കെ. രാജേഷ് കുമാര്‍, സഖറിയ മാത്യു, എം. ആര്‍. വേണു എന്നിവര്‍ പ്രസംഗിച്ചു.
കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കഥകളി ക്ലബ്ബിന്‍റെ 2025 ലെ നാട്യഭാരതി അവാര്‍ഡ് കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം വിനോദിന് നല്‍കി ആദരിച്ചു. തുടര്‍ന്ന് പത്താം ക്ലാസ്സ് മലയാള പാഠാവലിയിലെ സ്വാതന്ത്ര്യത്തിന്‍റെ ചിറകില്‍ – നളഹംസ രംഗം കഥകളി അരങ്ങേറി.






