തിരുവനന്തപുരം : വർക്കലയിൽ ഭർത്താവ് തീകൊളുത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയും മകനും ആശുപത്രിയില്‍ മരിച്ചു.ചെമ്മരുതി കുന്നത്തുവിള വീട്ടിൽ രാജേന്ദ്രന്‍റെ ഭാര്യ ബിന്ദു(42), മകൻ അമല്‍ രാജ് (18) എന്നിവരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് ഭാര്യയെയും മകനെയും രാജേന്ദ്രന്‍ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന ടിന്നര്‍ ഒഴിച്ച് തീകൊളുത്തിയത്.ബിന്ദുവും മകനും വീടിന് പുറത്തേക്ക് ഓടി.പൊള്ളലേറ്റ ബിന്ദുവിനെയും അമലിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രാജേന്ദ്രന്‍ വീടിന്‍റെ അകത്തുതന്നെ പൊള്ളലേറ്റ് വീണ് മരിക്കുകയുമായിരുന്നു.
കുടുബപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കഴിഞ്ഞ എട്ട് മാസമായി അകന്ന് കഴിയുകയായിരുന്നു.രാജേന്ദ്രന്റെ വീട്ടിൽ നിന്നും വസ്ത്രങ്ങളും മറ്റുസാധനങ്ങളും എടുക്കാന്‍ പൊലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകന്‍ അമലിനെയും ഇയാൾ ആക്രമിച്ചത്.ഊന്നിന്‍മൂട് ചെമ്പകശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അമല്‍.