അടൂർ: എല്ലാവരും നല്ല മനുഷ്യരാവുക എന്നതാണ് ഇന്ന് സമൂഹത്തിന് ഏറ്റവും ആവശ്യമെന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. നല്ല മനുഷ്യരുടെ എണ്ണം കുറഞ്ഞുവരുന്നതാണ് മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം ഉണ്ടാകുവാനുള്ള കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി “ആരോഗ്യം, കാൻസർ ജാഗ്രത, കാൻസർ-പ്രാരംഭ കണ്ടെത്തൽ” എന്ന വിഷയത്തെ പറ്റിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
വനിതകൾ നല്ല ഡോക്ടർ, നല്ല നേഴ്സ്, നല്ല ഉദ്യോഗസ്ഥ എന്നതാകുന്നതോടൊപ്പം നല്ല അമ്മ, നല്ല മകൾ, നല്ല ഭാര്യ, നല്ല മരുമകൾ, നല്ല സഹോദരി എന്ന നിലകളിൽകൂടി ആയാലേ ജീവിതം അർത്ഥ പൂർണമാകൂ എന്നദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ ദിനത്തിൽ വനിതകളോട് തനിക്കു ഓർമിപ്പിക്കാനുള്ളത് അതാണ് എന്നദ്ദേഹം പറഞ്ഞു.
ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഡോ ബിനു ഗോവിന്ദ്, ഡോ മാത്യൂസ് ജോൺ, ഡോ ഭവ്യ ജി എസ്, അന്നമ്മ ജോൺ, ഡോ ഷീബ ഹാഫീസ്, ഡോ നിമ്മി എൻ എസ് , റെവ സി ജോസഫ് എന്നിവർ സംസാരിച്ചു. ഡയറക്ടർ ഡെയ്സി പാപ്പച്ചൻ ഡെപ്യൂട്ടി സ്പീക്കർക്കു ഉപഹാരം നൽകി.
ലൈഫ് ലൈൻ ആശുപത്രി അടൂർ ഗൈനെക്കോളജി സൊസൈറ്റിയുമായി (FOGSI) സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ അടൂർ FOGSI സെക്രട്ടറിയും കൺസൽട്ടൻറ് ഫീറ്റൽ മെഡിസിൻ വിദഗ്ധയുമായ ഡോ അനുസ്മിത ആൻഡ്രൂസ് ചെയർപേഴ്സൺ ആയിരുന്നു. കൺസൾട്ടന്റ് ഗൈനെക്കോളജിസ്റ്റുമാരായ ഡോ നിർപ്പിൻ ക്ളീറ്റസ്സ്, ഡോ ജെസ്ന ഹസ്സൻ, കൺസൽറ്റന്റ് റേഡിയോളോജിസ്റ് ഡോ അജി രാജൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചർച്ചക്ക് ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ് ഡോ ശ്രീലക്ഷ്മി ആർ നായർ നേതൃത്വം വഹിച്ചു.
വനിതാ ദിനാചരണത്തിന്റെ ഭാഗമായി ലൈഫ് ലൈനിൽ മാർച്ച് എട്ടുമുതൽ ഒരുമാസം ഗർഭാശയമുഖത്തെ (Cervix) കാൻസർ സ്ക്രീനിംഗ് (PAP smear) പൂർണ്ണമായും സൗജന്യമായിരിക്കും.