ആലപ്പുഴ: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പലരുടേയും കാലത്തെ അഴിമതികള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നാലഞ്ച് ദേവസ്വം ബോര്‍ഡ് ഉണ്ടാക്കി കുറേ രാഷ്ട്രീയക്കാര്‍ക്ക് ഇരിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തിരിക്കുകയാണ്.
ഇന്നത്തെ ദേവസ്വം ഭരണ സംവിധാനത്തിലെ ബോര്‍ഡ് സംവിധാനം അഴിച്ചു പണിയാത്തിടത്തോളം കാലം ഈ അഴിമതി ആരു വന്നാലും ലോകാവസാനം വരെ അനുസ്യൂതമായി നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡേ വേണ്ട. എല്ലാം പിരിച്ചുവിട്ട് ഒറ്റ ബോര്‍ഡ് ഉണ്ടാക്കിക്കൂടേ. നല്ല ഐഎഎസുകാരനെ തലപ്പത്തു നിയമിച്ച്, അയാള്‍ക്ക് എക്‌സിക്യൂഷന്‍ അധികാരം നല്‍കുകയാണ് വേണ്ടത്. വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ സമ്പത്തുള്ള എല്ലാ ദേവസ്വം ബോര്‍ഡ് അമ്പലങ്ങളിലും മോഷണമാണ്. ഇന്നുള്ള ഭരണസംവിധാനം ഈ നിലയില്‍ പോയാല്‍, തീര്‍ച്ചയായും ‘ചക്കരക്കുടം കണ്ടാല്‍ കയ്യിട്ടു നക്കു’മെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുമ്പുണ്ടായിരുന്ന പത്തനംതിട്ടക്കാരന്‍ വലിയ കുഴപ്പക്കാരനാണെന്ന് മുമ്പേ താന്‍ പറഞ്ഞിട്ടുള്ളതാണ്. പത്മകുമാര്‍ ഭയങ്കര കുഴപ്പക്കാരനാണ്. അതിന്റെ പേരില്‍ രാജ്യത്ത് മുഴുവന്‍ പ്രക്ഷോഭമാണ്. അതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സ്വര്‍ണം മോഷണവുമായി ബന്ധപ്പെട്ട് നമ്പൂതിരിമാരും പോറ്റിമാര്‍ക്കുമെതിരായ പ്രസ്താവനയില്‍ ബ്രാഹ്മണ സഭയോട് വെള്ളാപ്പള്ളി ക്ഷമ ചോദിച്ചു. ബ്രാഹ്മണ സഭയ്ക്ക് എതിരെ താനൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ അവര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.






