കൊല്ലം: നടൻ മോഹൻലാൽ വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലെത്തി. അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാനാണ് ആശ്രമത്തിലെത്തിയത്. അമ്മാവന്റെ മരണ സമയത്ത് വിദേശത്തായിരുന്നതിനാൽ നാട്ടിലെത്തിയ ഉടനെ ബന്ധുക്കളെ കാണാൻ ആശ്രമത്തിൽ എത്തുകയായിരുന്നു.
നിർമ്മാതാവും നടനും കൂടിയായ ആന്റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. അമൃതപുരി ആശ്രമത്തിലെ മുതിർന്ന അന്തേവാസികളിൽ ഒരാളായിരുന്നു അന്തരിച്ച ഗോപിനാഥൻ നായർ. ആശ്രമത്തിലെത്തിയ അമ്മയുടെ പ്രിയ ശിഷ്യനെ അനന്തപുരിയിലെ മുതിർന്ന സന്യാസിമാർ ചേർന്ന് സ്വീകരിച്ചു.
ഗോപിനാഥൻ നായരുടെ ഭാര്യ രാധാ ഭായി, മകൾ ഗായത്രി, മരുമകൻ രാജേഷ്, ചെറുമകൾ ദേവിക എന്നിവരെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. കുടുംബത്തോടൊപ്പം ചെലവഴിച്ച ലാൽ മാതാ അമൃതാനന്ദമയി ദേവിയെ കണ്ടു അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്.