തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ആഭ്യന്തരമന്ത്രി കേരളത്തിലെത്തുന്നത്. ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ ശനിയാഴ്ച തിരുവനന്തപുരത്ത് രണ്ട് പരിപാടികളിൽ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ ബി.ജെ.പി.യുടെ പുതിയ സംസ്ഥാന കാര്യാലയമായ മാരാർജി ഭവന്റെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ ജി മാരാരുടെ വെങ്കല പ്രതിമ അനാഛാദനം ചെയ്യും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡു തല നേതൃസംഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും.
ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴി കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തും. രാത്രിയോടെ അമിത് ഷാ ഡൽഹിയിലേക്ക് തിരിക്കും.






