തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബര്‍ 10 വരെയാണ് സമ്മേളനം. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍, മുന്‍ സ്പീക്കര്‍ പിപി തങ്കച്ചന്‍, പീരുമേട് എംഎല്‍.എ ആയിരുന്ന വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.
സംസ്ഥാനത്തെ പോലീസ് മൂന്നാംമുറ, തൃശ്ശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണം, വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യയടക്കം നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ഈ സമ്മേളന കാലത്ത് സഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.
അതേ സമയം ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തുമോ എന്നതാണ് ശ്രദ്ധേയമാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്കിലാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. സഭയില്‍ വരുന്നതില്‍ തീരുമാനമെടുക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.






