തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായമാകുന്ന റോബോട്ടിക് സാങ്കേതികവിദ്യ നിലവിൽവന്നു. ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം നിർവഹിച്ചു. ഹൈ പ്രിസിഷന്‍ ഓട്ടോമേറ്റഡ് ജോയിന്‍റ് റീപ്ലേസ്മെന്‍റ് റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ സാധാരണ ശസ്ത്രക്രിയയിലും വേഗത്തിൽ വളരെ കൃത്യതയോടെ ചികിത്സ പൂർത്തീകരിക്കാൻ സാധിക്കും.
സർജറിയുടെ തൊട്ടടുത്ത ദിവസംതന്നെ നടക്കാനും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വീടുകളിലേക്ക് മടങ്ങാനും കഴിയുമെന്നതാണ് മറ്റൊരു ഗുണം. ലോകോത്തര നിലവാരത്തിൽ സജ്ജീകരിച്ച 12 ഓപ്പറേഷൻ തിയേറ്ററുകളും വിദേശത്ത് പരിശീലനം പൂർത്തിയാക്കിയ സർജന്മാരും വിവിധതരം ആധുനിക സർജിക്കൽ സംവിധാനങ്ങളും ബിലീവേഴ്സ് ആശുപത്രിയുടെ പ്രത്യേകതയാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു.
ഓർത്തോപീഡിക്‌സ് വിഭാഗം സീനിയർ കൺസൾട്ടൻറ് പ്രൊഫ. ഡോ. നിതിൻ തോമസ് ഫിലിപ്പ് നേതൃത്വം നൽകുന്ന ജോയിന്‍റ് റീപ്ലേസ്മെന്‍റ് ടീമാണ് റോബോട്ടിക് സർജറിയിൽ പരിശീലനം പൂർത്തിയാക്കിയത്.
ആശുപത്രി അസ്സോസിയേറ്റ് ഡയറക്ടറും ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റുമായ പ്രൊഫ ഡോ സാമുവൽ ചിത്തരഞ്ജൻ, ഓർത്തോപീഡിക് വിഭാഗം മേധാവി പ്രൊഫ ഡോ വിനു മാത്യു ചെറിയാൻ, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് രജിസ്ട്രാറും ഓർത്തോപീഡിക് വിഭാഗം സീനിയർ കൺസൾട്ടൻറുമായ പ്രൊഫ. ഡോ ജോജി ജോഷ്വ ഫിലിപ്പോസ്, പ്രൊഫ ഡോ ആശു സാറ മത്തായി നേതൃത്വം വഹിക്കുന്ന അനസ്തേഷ്യ ഡോക്ടർമാരുടെ സംഘം, റോബോട്ടിക് സംവിധാനത്തിൽ പരിശീലനം ലഭിച്ച നഴ്സിംഗ് ജീവനക്കാർ, ടെക്നീഷ്യന്മാർ എന്നിവരാണ് റോബോട്ടിക്ക് സർജറി ടീമിൽ ഉൾപ്പെടുന്നത്.
മധ്യതിരുവിതാംകൂറിൽ മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് സ്വന്തമായി റോബോട്ടിക് സംവിധാനമുള്ള ആദ്യ ആശുപത്രിയാണ് ബിലീവേഴ്‌സ് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.