തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിലെ ഇടയോടി ചെമ്പ് പാടശേഖരത്തിലെ തോട് നവീകരണം തുടങ്ങി. നവീകരണത്തിന്റെ ഭാഗമായി അനുവദിച്ച 30 ലക്ഷം രൂപ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അഡ്വ. വർഗീസ് മാമൻ എം.എൽ.എ നിർവഹിച്ചു. നിരണത്ത് 400 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ കൃഷി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും പാടശേഖരത്തിലെ ജലനിർഗമന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിന്റെ ഭാഗമായി പദ്ധതി തയ്യാറാക്കിയത്.
ഇതു സംബന്ധിച്ച് എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നേരത്തെ നിവേദനം നൽകിയിരുന്നു. തുടർന്നാണ് അടിയന്തരമായി 30 ലക്ഷം രൂപ അനുവദിച്ചത്. തോട് നവീകരണം പൂർത്തിയാകുന്നതോടെ പാടശേഖരത്തിലെ ജലനിർഗമന സൗകര്യങ്ങൾ മെച്ചപ്പെടുകയും പ്രദേശത്തെ കർഷകർക്ക് ഏറെ ഗുണകരമാകുകയും ചെയ്യും.





