കോട്ടയം: കാറും ലോറിയും കൂട്ടിയിടിക്കുണ്ടായപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര കണ്ണംപള്ളിയിൽ ജോർജ് തോമസ് (44), ചെങ്ങന്നൂർ വെൺമണി കൊട്ടൂർ വീട്ടിൽ ജെയിംസ് ജോർജ്ജ് (48) എന്നിവർക്കാണ് ഗുരുതമായി പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടു 5.30 നോടെ എം സി റോഡിൽ കുര്യനാട് മുണ്ടിയാനിപ്പുറം ഭാഗത്താണ് അപകടം നടന്നത്.
നെടുമ്പാശേരി എയർപോർട്ടിൽ നിന്നും വന്ന കാറും കോട്ടയം ഭാഗത്തുനിന്നും ഇലട്രിക്ക് സ്കൂട്ടർ കയറ്റിവന്ന ലോറിയുമായി ഇടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ കൊട്ടാരക്കര സ്വദേശി ജോർജ് തോമസിനെ കാരിത്താസ് ആശുപത്രിയിലും ചെങ്ങന്നൂർ സ്വദേശി ജെയിംസ് ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗത്തേക്ക് കാർ ഇടിച്ചു കയറി. കാറിലുണ്ടായിരുന്നവരെ കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കാർ ലോറിക്ക് അടിയിൽ നിന്നും വലിച്ചുമാറ്റിയാണ് റോഡിലെ ഗതാഗത തടസം നീക്കം ചെയ്തത്. ഒരു മണിക്കുറോളം എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.






