ആലപ്പുഴ: ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികളായ പക്ഷിപ്പനി, എച്ച്1എൻ1 എന്നിവ ക്കെതിരെ പ്രതിരോധ ശീലങ്ങൾ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരായ പക്ഷികളിൽ നിന്ന് അപൂർവ്വം ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് പക്ഷിപ്പനി. മനുഷ്യരിലേക്ക് ബാധിച്ചാൽ രോഗം മാരകമാകാം.
വളർത്തു പക്ഷികൾക്കിടയിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരെയും ആരോഗ്യപ്രവർത്തകരെയും ഉടൻ തന്നെ അറിയിക്കുക.
ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം മുതലായവയാണ് രോഗ ലക്ഷണങ്ങൾ. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും കോഴി താറാവ്, കാട തുടങ്ങിയ വളർത്തു പക്ഷികളെ കൈകാര്യം ചെയ്യുന്നവരും ഈ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു