ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയെയും പായിപ്പാട് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പെരുമ്പുഴക്കടവ് പാലം സഞ്ചാരയോഗ്യമാകുന്നു. പാലത്തിൻറെ അപ്രോച്ച് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു. പായിപ്പാട് പഞ്ചായത്തിലെ പൂവം പ്രദേശത്തെ നഗരസഭയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പെരുമ്പുഴക്കടവ് പാലം.
ആദ്യനിർമാണം നടന്ന സാഹചര്യത്തിൽ പാലത്തിൻറെ അപ്പ്രോച് റോഡുകൾ തകരുകയും പാലം ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു. അതുവഴി പ്രളയം വെള്ളപ്പൊക്കക്കാലം എന്നീ സമയങ്ങളിൽ വളരെ ദുരിതമാണ് ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിച്ചു വന്നിരുന്നത്.
കഴിഞ്ഞ 17 വർഷത്തെ ബുദ്ധിമുട്ടിനാണ് ഇപ്പോൾ ശാപമോക്ഷമായിരിക്കുന്നത് എന്നും പൂവം പ്രദേശത്തെ പ്രിയപ്പെട്ടവർക്ക് ഇനിയുള്ള യാത്ര സുഗമമായിരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.
കുട്ടനാട് പാക്കേജ് ഇൻലാൻഡ് നാവിഗേഷൻ ആണ് നിർമ്മാണ ചുമതല. നിർമ്മാണ പ്രവർത്തനത്തിന്റെ പ്രഥമിക ഘട്ടം എന്ന നിലയിലുള്ള ഇനിഷ്യൽ പൈൽ ലോഡ് ടെസ്റ്റ് ആണ് ആരംഭിച്ചത്. ഇതിലൂടെ അപ്രോച്ച് റോഡിൻ്റെ യഥാർത്ഥ ചിത്രം മനസ്സിലാക്കി അതനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.