ആറന്മുള : ജലക്ഷാമം രൂക്ഷമായിരുന്ന മലമോടി പട്ടിക ജാതി നഗറിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി നവീകരിച്ച കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ ഉദ്‌ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർ ഷീജാ പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി.
ഇവിടെ നിലവിലുണ്ടായിരുന്ന പദ്ധതിയിൽ ഏതാനും പൊതു ടാപ്പുകൾ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. നവീകരിച്ച പദ്ധതിയിൽ പ്രദേശത്തെ മുപ്പത്തി അഞ്ച് പട്ടിക ജാതി വീടുകളിലേക്ക് വിതരണ പൈപ്പുകൾ സ്ഥാപിച്ചു ശുദ്ധജലം എത്തിച്ചു. സംഭരണിയും വലുതാക്കി പുനർ നിർമ്മിച്ചു. നേരത്തെ 17 ലക്ഷം മുടക്കി ഇവിടെ സംരക്ഷണ ഭിത്തികളും നിർമ്മിച്ചിരുന്നു.
കുറവർ മഹാസഭാ കരയോഗ മന്ദിരത്തിൽ നടന്ന യോഗത്തിൽ എസ് മുരളി കൃഷ്ണൻ, അലക്സ് എം ജോർജ്ജ്, ശ്യാമള മധു, ഹരിക്കുട്ടൻ, എംസി മോഹനൻ, സുജിത്ത് കുമാർ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു. പദ്ധതിക്കായി ഫണ്ട് അനുവദിച്ച ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജിനെ മലമോടി നിവാസികൾ പൊന്നാട ചാർത്തി ആദരിച്ചു.






