പത്തനംതിട്ട : വെട്ടിപ്രം നാലാം വാർഡിൽ സുബലാ പാർക്കിൻ്റെ പിന്നിലെ പാടശേഖരം നികത്തുന്നതായി പരാതി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദ്രുതഗതിയിൽ പാടം നികത്തൽ നടന്നുവരുന്നു.
തനിക്ക് പാരമ്പര്യ അവകാശമായി കിട്ടിയ ഭൂമിയാണെന്നും കരഭൂമിയായി ലിസ്റ്റ് ചെയ്യപ്പെട്ട ഇവിടെ മണ്ണിടുന്നതിന്ന് ആവശ്യമായ രേഖകളും അനുവാദവും ഉണ്ടെന്നും, മണ്ണിടുന്ന പ്രവ്യത്തി തടസപ്പെടുത്താൻ സാധ്യതയുള്ള പരിസരവാസികൾക്കെതിരെ കോടതി ഉത്തരവും ഉണ്ടെന്ന് സ്ഥലം ഉടമ പറഞ്ഞു.
ഏതാനും വർഷം മുൻപ് പട്ടം തറ ഭാഗത്തെ മലയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇവിടെ നിന്നും വെള്ളവും മണ്ണും ഒഴുകിയെത്തി ഈ പ്രദേശത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയിരുന്നു. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പാടശേഖരം നികത്തപ്പെട്ടാൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും വേനൽക്കാലത്ത് കുടിവെള്ള ക്ഷാമത്തിനും ഇടയാക്കും എന്നാണ് പരിസരവാസികളുടെ ആശങ്ക.