കൊച്ചി : ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾ കബളിപ്പിച്ചു എന്നാരോപണവുമായി ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഞ്ജന എബ്രഹാം. ചിത്രത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്തു പണം നിക്ഷേപിപ്പിച്ചശേഷം നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി. സിനിമയുടെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് അഞ്ജനയുടെ കയ്യിൽ നിന്നും നിർമാതാക്കൾ ആറ് കോടി രൂപ വാങ്ങിയിരുന്നു.സിനിമയുമായി ബന്ധപ്പെട്ട് ആകെ ലഭിക്കുന്ന ലാഭത്തിന്റെ 30% നൽകാം എന്നായിരുന്നു വാഗ്ദാനം.എന്നാൽ സിനിമയ്‌ക്ക് 23 കോടി രൂപ ചെലവായെന്നും ലാഭമൊന്നും ലഭിച്ചില്ലെന്നും പറഞ്ഞ് വാങ്ങിയ ആറ് കോടി മാത്രമാണ് തിരികെ നൽകിയതെന്നും ലാഭ വിഹിതം നൽകിയില്ലെന്നും ആരോപിച്ചാണ് അഞ്ജന പോലീസിൽ പരാതി നൽകിയിരിക്കുന്നത് .