പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ അബാൻ ജംഗ്ഷന് സമീപം നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടൗൺ സ്ക്വയർ നിർമാണം അവസാന ഘട്ടത്തിൽ. ഉദ്ഘാടനം ഈ മാസം 15 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. ടൗൺ സ്ക്വയറിനെ സാംസ്കാരിക സംഗമ വേദിയാക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ അഡ്വ ടി. സക്കീർ ഹുസൈൻ പറഞ്ഞു
നഗരസഭ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി അലങ്കാർ ഹൈപ്പർ മാർക്കറ്റിന് സമീപം നഗരസഭയുടെ സ്ഥലത്താണ് ടൗൺ സ്ക്വയർ നിർമാണം നടക്കുന്നത്. മുൻ എംഎൽഎ കെ. കെ. നായർ ജസ്റ്റിസ് ഫാത്തിമാ ബീവി എന്നിവരുടെ സ്മാരകവും ടൗൺ സ്ക്വയറിൽ സ്ഥാപിക്കുന്നുണ്ട്.
ഇതിന് പുറമെ പൂന്തോട്ടം, സ്റ്റേജ്, ആധുനിക ശബ്ദ- വെളിച്ച സംവിധാനം, സ്നാക്സ് സെൻ്റർ എന്നിവയും സ്ക്വയറിൽ സജ്ജമാക്കും. ഓപ്പൺ സ്‌റ്റേജിൻ്റെ നിർമാണം പൂർത്തിയായി. ആയിരത്തോളം പേരെ ഇവിടെ ഉൾക്കൊള്ളാനാകും.
പത്തനംതിട്ട ടൗണിനെ സൗന്ദര്യവത്കരിക്കുക, ജനങ്ങളുടെ സാംസ്കാരിക കൂടിക്കാഴ്ചകൾക്ക് ഇടം നൽകുക എന്നിവയാണ് പദ്ധതിയിലൂടെ നഗരസഭ വിഭാവനം ചെയ്യുന്നത്.