വാഷിംഗ്‌ടൺ : സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള സ്പേസ് എക്സിന്‍റെ ക്രൂ 10 ദൗത്യം മുടങ്ങി. വിക്ഷേപിക്കുന്നതിനു മുൻപു റോക്കറ്റിന്റെ ലോഞ്ച്പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം റദ്ദാക്കിയത്. ഇതോടെ മാസങ്ങളോളമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന സുനിതയുടെയും സഹയാത്രികന്റെയും മടങ്ങിവരവ് ഇനിയും വൈകാനാണ് സാധ്യത.16ന് ഇരുവരും മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
കേപ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു ക്രൂ 10 ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്.നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണു ക്രൂ10. രണ്ട് യുഎസ് ബഹിരാകാശ യാത്രികരും ജപ്പാനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ഓരോരുത്തരും അടങ്ങുന്ന നാലംഗ സംഘത്തെ വഹിച്ച് കൊണ്ട് പോകുന്ന ദൗത്യത്തിൽ നാല് പേരും ഐഎസ്എസിൽ തങ്ങുകയും പകരം സുനിതയും വിൽമോറും തിരികെ വരികയും ചെയ്യും .
പുതിയ വിക്ഷേപണ തീയതി സ്പേസ്എക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യാഴാഴ്ച രാത്രിയോടെ വിക്ഷേപണത്തിന് ശ്രമം നടക്കുമെന്ന് സൂചനയുണ്ട്.