തിരുവനന്തപുരം : തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചെന്ന പരാതിയിൽ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു .കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബമാണ് പരാതി നൽകിയത് .സംഭവത്തിൽ തൈക്കാട് ആശുപത്രിയോട് പൊലീസ് റിപ്പോർട്ട് തേടി.
മെയ് 16 ന് കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് തൈക്കാട് ആശുപത്രിയിൽ പവിത്ര ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ കുഴപ്പമില്ലെന്ന് പറഞ്ഞു ഇവരെ തിരിച്ചയക്കുകയായിരുന്നു.എന്നാൽ അടുത്ത ദിവസം സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി.തുടർന്ന് എസ്എടി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. തൈക്കാട് ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.സംഭവത്തിൽ ആശുപത്രിക്കെതിരെ പൊലീസിലും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.
മൂന്നു ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്റെ മൃതദേഹം വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധിച്ചു .പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മൃതദേഹം വിട്ടു നല്‍കാനാവൂ എന്നാണ് അധികൃതരുടെ നിലപാട്.