ശബരിമല : തീർത്ഥാടകർ ഇരുമുടിക്കെട്ടിൽ നിന്നും കർപ്പൂരം, ചന്ദനത്തിരി, പനിനീര് എന്നിവ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം. തന്ത്രി കണ്ഠരര് രാജീവരരുടെ അഭിപ്രായം പരിഗണിച്ചാണ് ബോർഡ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഭക്തർ പവിത്രമായിക്കരുതി, ഇരുമുടിക്കെട്ടിൽ നിറച്ച് ശിരസിലേറ്റി സന്നിധാനത്തെത്തിക്കുന്ന, കർപ്പുരം, ചന്ദനത്തിരി, പനിനീര് തുടങ്ങിയ പൂജാദ്രവ്യങ്ങളിൽ വലിയൊരുഭാഗം പാണ്ടിത്താവളത്തിലെ ഇൻസിനേറ്ററിൽ മാലിന്യമായി കത്തിച്ചു കളയുന്ന സാഹചര്യം ഒഴിവാക്കാനാണ് തന്ത്രിയുടെ നിർദ്ദേശപ്രകാരം ദേവസ്വം ബോർഡ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.
ഇരുമുടിക്കെട്ടിൻ്റെ മുൻകെട്ടിലാണ് ഭഗവാന് സമർപ്പിക്കാനുള്ള പുജാദ്രവ്യങ്ങൾ നിറയ്ക്കുന്നത്. പിൻ കെട്ടിൽ തീർത്ഥാടകർക്കുള്ള ഭക്ഷണസാധനങ്ങളാണ് ഉള്ളത്. മുൻകാലങ്ങളിൽ ഭക്തർ കാൽനടയായി ശബരിമലയിലേക്ക് പോകുമ്പോൾ വഴിയിൽ താവളമടിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കുകയായിരുന്നു പതിവ്. അങ്ങനെ ഭക്ഷണം പാചകം ചെയ്യാനുള്ള അരി. നാളീകേരം എന്നിവയാണ് പിൻ കെട്ടിൽ നിറക്കുന്നത്. ഇപ്പോൾ എല്ലായിടത്തും അന്നദാനം ഉള്ളതിനാൽ ഇവയുടെ ആവശ്യം ഇല്ലാതായതു കുടിപരിഗണിച്ച്, പിൻ കെട്ടിൽ അൽപ്പം അരി മാത്രം കരുതിയാൽമതി.
ഈ അരി ശബരിമലയിൽ സമർപ്പിച്ച് വെള്ളനിവേദ്യം വാങ്ങാം. മുൻ കെട്ടിൽ ഉണക്കലരി, നെയ്തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടക്ക, കാണിപ്പൊന്ന് എന്നിവ മാത്രം നിറച്ചാൽമതി എന്നാണ് പുതിയ നിർദ്ദേശം. ശബരിമലയിൽ പ്ലാസ്റ്റിക്കിനും കർശന വിലക്കുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കെട്ട് നിറയ്ക്കൽ ചടങ്ങ് നടത്തുമ്പോൾ ഇനിമുതൽ പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള പൂജാദ്രവ്യങ്ങൾ മാത്രം ഉൾപ്പെടുത്തിയാൽ മതിയാകും എന്ന സർക്കുലർ, ഏതാനും ദിവസങ്ങൾക്കകം ബോർഡിന്റെ കീഴിലുള്ള 1252 ക്ഷേത്രങ്ങൾക്കും നൽകും.