പത്തനംതിട്ട : സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ കുടുങ്ങി. മൂപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടിബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസിധര (48)നാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം പന്തളം_ ഏനാത്ത് പോലീസിന്റെ സംയുക്തസംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മോഷ്ടാവ് വലയിലായത്. പന്തളം എസ്. എച്ച്. ഒ. ടി. ഡി. പ്രജീഷ്, ഏനാത്ത് എസ് എച്ച് ഒ അമൃത് സിംഗ് നായകം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം
കഴിഞ്ഞ 8 ന് രാത്രി പന്തളം കുരമ്പാല സ്വദേശി അനീഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറിലധികം റബ്ബർ ഷീറ്റുകളും ആക്ടീവ സ്കൂട്ടറും കവർന്ന് പ്രതി കടന്നിരുന്നു. പിറ്റേന്ന് പുലർച്ചെ 5 മണിക്കാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്.
തുടർന്ന് പന്തളം പോലീസ് കേസെടുത്ത് വ്യാപകമായ അന്വേഷണം നടത്തി സംശയമുള്ള നിരവധിപേരെ നിരീക്ഷിച്ചു. ഓരോ മോഷണത്തിനുശേഷവും പോലീസ് തിരിച്ചറിയുന്ന സാഹചര്യത്തിൽ താമസിക്കുന്ന വീട് ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് വാടകയ്ക്ക് മാറുകയാണ് ഇയാളുടെ പതിവ്.
മോഷണം നടത്തുന്ന സമയം പാന്റ് ആണ് ധരിക്കാറ്, ഷർട്ട് ഇൻ ചെയ്താവും നടപ്പ്. മോഷ്ടാവിനെ നിരീക്ഷിച്ചു പിന്തുടർന്ന പോലീസ് സംഘം, ചുനക്കരയിൽ ഒളിച്ചു താമസിക്കുന്നതായി മനസ്സിലാക്കി. അന്വേഷണസംഘം ആ ഭാഗത്ത് തമ്പടിച്ച് ഇയാളുടെ നീക്കം നിരീക്ഷിച്ചു.
പോലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഇയാൾ ചുനക്കരയിൽ നിന്നും പത്തനാപുരത്തേക്ക് രക്ഷപ്പെടുന്നതിനിടയിൽ പോലീസിന്റെ വലയിലാവുകയായിരുന്നു. മോഷ്ടിച്ച സ്കൂട്ടറിൽ കവർന്നെടുത്ത റബ്ബർ ഷീറ്റുകൾ കിളിമാനൂരിൽ കൊണ്ടുപോയി അവിടുത്തെ കടയിൽ വിറ്റശേഷം തിരിച്ചുവരുമ്പോൾ വാളകത്തുവച്ച് സ്കൂട്ടർ കേടായി. അവിടെ വർക്ക് ഷോപ്പിൽ കയറ്റി വണ്ടി നന്നാക്കി യാത്ര തുടർന്നുവരവേയാണ് പോലീസ് സംഘങ്ങളുടെ സംയുക്തനീക്കത്തിൽ കുടുങ്ങിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.