കോട്ടയം: വ്യാപകമായി ലഹരി മരുന്ന് വിപണനം ചെയ്യുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ ഭാഗങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധന. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്‌പെക്ടർ ബിനീഷ്സുകുമാരൻ, പാലാ എക്സൈസ് സർക്കിൾ പാർട്ടി, കോട്ടയം എക്സൈസ് ഇൻ്റെലിജൻസ് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
ഈരാറ്റുപേട്ട എം.ഇ.എസ് ജംഗ്ഷൻ, നടക്കൽ എം.ഇ.എസ് ജംഗ്ഷൻ, ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, അയ്യമ്പാറ പരിസരങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന. അഥിതി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. എക്സൈസ് ഇൻ്റലിജൻസ് വിഭാഗം ടി പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന നടത്തിയത്.
മൂന്നു സംഘങ്ങൾ ആയി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് റേഞ്ച്, ഈരാറ്റുപേട്ട ,പാലാ എക്സൈസ് സർക്കിൾ റെയിഡിൽ പങ്കെടുത്തു. പരിശോധനയിൽ രണ്ട് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.






