ആറന്മുള : പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് വള്ളസദ്യകള്‍ നാളെ (ഞായർ ) ആരംഭിക്കും. ഇതിനായി ഇന്ന് ഊട്ടുപുരയിലെ അടുപ്പിൽ അഗ്നി പകർന്നു. പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.വി. സാംബദേവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇഷ്ടകാര്യലബ്ദിക്കായി ഭഗവാന് അര്‍പ്പിക്കുന്ന വഴിപാടാണ് വള്ളസദ്യകള്‍. പള്ളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ക്കും, വഴിപാടുകള്‍ ക്ഷണിക്കുന്നവര്‍ക്കും 44 വിഭവങ്ങള്‍ അടങ്ങുന്ന സദ്യയാണിത്.
ക്ഷേത്രത്തിലും, പരിസരത്തുമുള്ള സദ്യാലയങ്ങളിലാണ് വള്ളസദ്യകള്‍ നടക്കുന്നത്. ദിവസേന 15 വള്ളസദ്യകള്‍വരെ നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ 2 വരെയാണ് വള്ളസദ്യകള്‍ നടക്കുന്നത്.
പള്ളിയോടത്തിലെത്തുന്ന ക്ഷണിക്കപ്പെട്ട കരക്കാരെ പരമ്പരാഗതരീതിയില്‍ വഴിപാടുകാരന്‍ സ്വീകരിച്ച് വഞ്ചിപ്പാട്ടോടുകൂടി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് സദ്യാലയത്തില്‍ സദ്യയില്‍ പങ്കെടുക്കുകയും, തുടര്‍ന്ന് സമുചിതമായി യാത്രയാക്കുകയും ചെയ്യുന്ന അപൂര്‍വ്വ ചടങ്ങാണ് ഇത്.
ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം മന്ത്രി വി. എന്‍. വാസവന്‍, മന്ത്രി വീണാ ജോര്‍ജ്ജ്, ചീഫ് വിപ്പ് പ്രഫ. ആർ.ജയരാജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍, പ്രമോദ് നാരായണ്‍ എംഎല്‍എ തുടങ്ങിയവർ പങ്കെടുക്കും