ആലപ്പുഴ: അമ്പലപ്പുഴ – ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 115 (തൃപ്പക്കുടം ഗേറ്റ്) ഒക്ടോബർ 27 ന് രാവിലെ എട്ട് മണി മുതൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി സ്ഥിരമായി അടച്ചിടുമെന്ന് റെയിൽവെ ആലപ്പുഴ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
ഹരിപ്പാട് – എടത്വ റോഡിലെ ഗതാഗതം വഴി തിരിച്ചു വിടും റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിന്റെ ഭാഗമായി ഗതാഗത ക്രമീകരണം ഏർപ്പെടുത്തി ജില്ല കളക്ടർ ഉത്തരവായി. ഹരിപ്പാട് -എടത്വ റോഡിലൂടെ വരുന്ന ചെറിയ വാഹനങ്ങൾ നിലവിലുള്ള ആലിൻ ചുവട്, ഗണപതിയാകുളങ്ങര എന്നീ രണ്ട് അടിപ്പാതകൾ വഴി പോകേണ്ടതാണ്.
എടത്വ ഭാഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങൾ ശാസ്താംമുറി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ആയാപറമ്പ് റയിൽവെ ഗേറ്റ് വഴി പടിഞ്ഞാറോട്ട് വന്ന് നേരെ ദേശീയ പാതയിൽ കയറേണ്ടതാണ്. ഈ വാഹനങ്ങൾ യാതൊരു കാരണവശാലും ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് മുൻപിലൂടെ പോകാൻ പാടില്ല.
എടത്വ ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങൾ മങ്കുഴി പാലം വഴി ശാസ്താംമുറി എത്തി പോകണം. കെ.എസ്.ആർ.റ്റി.സി ബസുകൾ ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് മുൻപിലൂടെ പോകേണ്ടതാണ്.
ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് മുൻ വശത്തുള്ള പാർക്കിംഗ് ഒഴിവാക്കി ബദൽ പാർക്കിംഗ് സ്ഥലം കണ്ടെത്തി അനുവദിക്കുന്നതിനുള്ള നടപടി ദേവസ്വം പ്രതിനിധികൾ സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.






