പത്തനംതിട്ട : പരീക്ഷണം എന്ന നിലയിൽ ആദ്യമായി തുടങ്ങിയ പൂവ്കൃഷിയിൽ മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് ചെന്നീർക്കര പഞ്ചായത്ത് അംഗം എം. ആർ. മധു. ഓണക്കാലത്ത് ചെന്നീർക്കരയിലെയും സമീപ പഞ്ചായത്തുകളിലെയും അത്തപ്പൂക്കളങ്ങളിൽ ഇത്തവണ നിറയുന്നത് മധുവിൻ്റെ പൂന്തോട്ടത്തിൽ നിന്നുള്ള പൂക്കളാണ്.
രണ്ടര ഏക്കർ സ്ഥലത്താണ് ചെന്നീർക്കര 12-ാം വാർഡ് അംഗം മധു മനോഹരമായ പൂന്തോട്ടം ഒരുക്കിയത്. മഞ്ഞയും ചുവപ്പും കലർന്ന ജമന്തിപ്പൂക്കളും വാടാമുല്ല ചെടികളുമാണ് മധുവിൻ്റെ പൂന്തോട്ടത്തെ മനോഹരമാക്കി പൂവിട്ട് നിൽക്കുന്നത്. തൻ്റെ വാർഡിനെ തരിശ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജനപ്രതിനിധിയുടെ പുഷ്പകൃഷി.
നാല് പതിറ്റാണ്ടായി തരിശു കിടന്ന പ്രദേശത്ത് ആദ്യമായി കൃഷിയിറക്കിയപ്പോൾ ചില പ്രതിസന്ധികളും ഉണ്ടായതായി മധു പറഞ്ഞു. ഇരുപതിനായിരം ചെടികൾ നട്ടെങ്കിലും കീടബാധയെ തുടർന്ന് പതിന്നാലായിരം എണ്ണം മാത്രമാണ് അവശേഷിച്ചത്. ഒരു ചെടിയിൽ നിന്നും ശരാശരി അരക്കിലോ പൂവ് ലഭിച്ചതായും മധു പറയുന്നു.
മധുവിൻ്റെ പുഷ്പ കൃഷിയെക്കുറിച്ച് അറിഞ്ഞ് നിരവധി ആളുകളാണ് പൂന്തോട്ടം കാണാനും പുക്കൾ വാങ്ങാനുമായി എത്തുന്നത്. പൂന്തോട്ടം നിറയെ പൂമ്പാറ്റകളും വണ്ടുകളും തേനീച്ചകളുമെല്ലാം പറന്ന് നടക്കുന്നതും കർഷകനായ മധുവിന് ഏറെ സന്തോഷം നൽകുന്നുണ്ട്. എന്നാൽ തിരുവോണം കഴിയുന്നതോടെ വിളവെടുപ്പ് പൂർത്തിയാകുമ്പോൾ പൂമ്പാറ്റകൾക്കും ഓണത്തുമ്പികൾക്കും പൂക്കൾ ഇല്ലാതെയാകുമെന്ന ചെറിയൊരു സങ്കടവും മധുവിനെ അലട്ടുന്നു