പത്തനംതിട്ട : സൗജന്യമായോ മിതമായ നിരക്കിലോ ഗുണനിലവാരമുള്ള ചികിത്സ ഉറുപ്പുവരുത്തുകയാണ് സർക്കാർ നയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ് ലക്ഷ്യം. അടൂർ ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 15 കോടി രൂപയുടെ വികസനം നടക്കുന്നു. 2024 -2025 സാമ്പത്തിക വർഷം കൊടുമൺ, ഒറ്റത്തേക്ക്, ഐക്കാട് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട മെഡിക്കൽ കൊളജടക്കം വികസന പാതയിലാണ്. അടൂരിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിക്ക് എട്ട് കോടി രൂപയുടെ അനുമതിയായിട്ടുണ്ട്.
ചന്ദനപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരു ഫാർമസിസ്റ്റിനെ കൂടി അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കേരളം ആരോഗ്യരംഗത്ത് രാജ്യത്തിനാകെ മാതൃകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക രംഗം, വ്യാവസായിക – സാമൂഹിക മേഖലയിലടക്കം വൻ കുതിച്ചുചാട്ടമാണ് നടക്കുന്നത്.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.