തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കാതെ നടത്തുന്ന പ്രചാരണ-പ്രവർത്തനങ്ങൾക്കെതിരെ വിവിധ ജില്ലകളിലായി ഇതുവരെ 6500 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിലായി 340 ലംഘനങ്ങൾ കണ്ടെത്തി. ഇതുവരെ, 14 ജില്ലകളിലായി 46 ലക്ഷം രൂപ പിഴയായും ചുമത്തിയിട്ടുണ്ട്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജില്ലാതല നോഡൽ ഓഫീസർമാരും ശുചിത്വ മിഷനും നടത്തുന്ന പരിശോധനകളിലാണ് ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തിയിരിക്കുന്നത്. മൊത്തം രണ്ടു ടണ്ണിന്റെ നിരോധിത ഉൽപ്പന്നങ്ങളും, തെർമോക്കോൾ, പ്ലാസ്റ്റിക് എന്നിവ കൊണ്ടുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും, നിരോധിത അലങ്കാര വസ്തുക്കളും ഇതിനോടകം കണ്ടുകെട്ടി.






