ചെന്നൈ : തമിഴക വെട്രി കഴകം (റ്റി വി കെ) നേതാവും നടനുമായ വിജയ്‌ക്ക് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് 1.5 കോടി രൂപ ആദായനികുതി പിഴ ചുമത്തിയ ഉത്തരവ് ശരിവയ്‌ക്കുകയും അപ്പീൽ തള്ളുകയും ചെയ്തു. ഇതോടെ താരം ഈ പിഴത്തുക അടയ്‌ക്കേണ്ടി വരും.
ആദായനികുതി വകുപ്പിന്റെ ഈ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞുവെന്നും കാണിച്ചാണ് വിജയ് 2022ൽ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനു മുൻപ് കോടതി ഈ പിഴ ഈടാക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.
2015-16 സാമ്പത്തിക വർഷത്തിൽ മുൻനിരയിലുള്ള താരം നേടിയ അധിക വരുമാനം വെളിപ്പെടുത്തിയില്ലെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. പിഴയെ ചോദ്യം ചെയ്ത് 2022ൽ വിജയ് ഫയൽ ചെയ്ത ഹർജിയിലാണ് വിധി. 2015ൽ വിജയ് നായകനായ ‘പുലി’ എന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെത്തുടർന്ന് ആദായനികുതി വകുപ്പ് താരത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ പ്രകാരം വിജയ് 15 കോടി രൂപയുടെ അധിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി ഉണ്ടായത്.






