കൊച്ചി : ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണം നടത്തുന്നതിന് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി.വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വിഡിയോ ചിത്രീകരണം അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ചിന്റെയാണ് ഉത്തരവ് .
ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് . സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഭക്തരെ തടസ്സപ്പെടുത്തുന്ന പ്രവർത്തികൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ക്ഷേത്രം മാനേജിങ് കമ്മിറ്റി കൈക്കൊള്ളണമെന്നും ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടാമെന്നും ഉത്തരവിൽ പറയുന്നു.