പത്തനംതിട്ട : ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വ്യാജ ഹെൽത്ത് കാർഡുകൾ ഉപയോഗിച്ച് ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതായി പരാതി.
ശബരിമല തീർഥാടനം അടുത്തിരിക്കെ ഇത്തരം ക്രമക്കേടുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കുന്നതിനുള്ള ഹെൽത്ത് കാർഡ് പരിശോധനയിൽ വ്യാപകമായ വീഴ്ചകളുണ്ടാകുന്നതായാണ് ആരോപണം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനുമായി ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യപരിശോധന നിർബന്ധമാണ്. ആരോഗ്യപരിശോധനയ്ക്ക് വിധേയരായ ശേഷം മാത്രമേ ഹെൽത്ത് കാർഡ് അനുവദിക്കാവൂ. എന്നാൽ യഥാർഥ ആരോഗ്യപരിശോധന കൂടാതെ വ്യാജ കാർഡുകൾ സംഘടിപ്പിച്ച് ജോലിയിൽ പ്രവേശിക്കുന്നവരുണ്ടെന്ന പരാതി ഉയരുകയാണ്. വ്യാജ കാർഡുകൾ തരപ്പെടുത്തി നൽകാൻ ചില സ്വകാര്യ ലാബുകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരാപണം
ശബരിമല തീർഥാടനകാലത്ത് പത്തനംതിട്ട ജില്ലയിലേക്കും സമീപപ്രദേശങ്ങളിലേക്കും വലിയ തോതിൽ തീർഥാടകരാണ് എത്തുന്നത്. തീർഥാടകർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളിലും താൽക്കാലിക ഭക്ഷണശാലകളിലും ജീവനക്കാരുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വ്യാജ ഹെൽത്ത് കാർഡുകൾ ഉപയോഗിച്ച് ജോലിയിൽ തുടരുന്നവരുണ്ടെങ്കിൽ അത് തീർഥാടകരുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നാണ് ആശങ്ക. രോഗബാധിതരായ ജീവനക്കാർ ഭക്ഷണം കൈകാര്യം ചെയ്യുന്നത് വഴി ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ചില പകർച്ചവ്യാധികളുടെ വ്യാപനത്തിനും സാഹചര്യമുണ്ടാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹെൽത്ത് കാർഡുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി പരിശോധന നടത്തണമെന്നാണ് ആവശ്യം. ഹോട്ടലുകളിലും മറ്റ് ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ഹെൽത്ത് കാർഡുകൾ പരിശോധിക്കുന്നതിനൊപ്പം കാർഡുകൾ അനുവദിച്ച സ്ഥാപനങ്ങളുടെയും രേഖകൾ പരിശോധിക്കണം.
വ്യാജ ഹെൽത്ത് കാർഡുകൾ ഉപയോഗിക്കുന്നതായുള്ള പരാതികൾ ഗൗരവമായി പരിശോധിച്ച് യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണം. തീർഥാടനകാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും രോഗവ്യാപന സാധ്യതകൾ ഒഴിവാക്കുന്നതിനും ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.





