പത്തനംതിട്ട : റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരിൽ ചിലർ ഓഫിസ് വളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയെന്ന് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ എരുമേലി റേഞ്ച് ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് കോട്ടയം ഡി എഫ് ഒയ്ക്ക് സമർപ്പിച്ചു.പ്ലാച്ചേരി സ്റ്റേഷനിലെ റെസ്ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ. സാമുവൽ എന്നിവരാണ് ഗ്രോ ബാഗുകളിൽ കഞ്ചാവ് വളർത്തിയതായി കാട്ടി ഡി എഫ് ഒയ്ക്ക് റിപ്പോർട്ട് ലഭിച്ചത്.
സ്റ്റേഷന് ചുറ്റും 40 ൽ പരം ഗ്രോ ബാഗുകളിലായാണ് ഇവർ കഞ്ചാവ് ചെടികൾ വളർത്തിയത്. എന്നാൽ ഇവ കണ്ടെത്താൻ കഴിഞ്ഞില്ല. ഗ്രോ ബാഗുകളുടെയും കഞ്ചാവ് ചെടികളുടെയും അവശിഷ്ടങ്ങളും കഞ്ചാവ് ചെടികൾ വളർത്തിയതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു സംഭവം പുറത്തറിഞ്ഞതോടെ കഞ്ചാവ് ചെടികൾ നശിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്.
ബാഗുകളിൽ കഞ്ചാവ് ചെടികൾ വളർന്നു നിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് വനം വകുപ്പിലെ ഉന്നതാധികൃതർക്ക് ലഭിച്ചത്. ബാഗിൽ വളർന്നു നിൽക്കുന്ന 9 ചെടികളുടെ ചിത്രങ്ങളായിരുന്നു അവ.ഇതിനെ തുടർന്നാണ് റേഞ്ച് ഓഫീസർ അന്വേഷണം ആരംഭിച്ചത്.
സ്റ്റേഷൻ വളപ്പിൽ കഞ്ചാവ് ചെടികൾ വളർത്തുന്നുവെന്ന വിവരം വനിതാ ജീവനക്കാർക്കും അറിയാമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.തനിക്ക് സുഹൃത്ത് നൽകിയ തൈകൾ വെറുതെ നടുക മാത്രമാണ് ചെയ്തതെന്നാണ് റെസ്ക്യൂവർ അജേഷ് റേഞ്ച് ഓഫീസർക്ക് നൽകിയ മൊഴിയിൽ പറയുന്നത്. സംഭവത്തിൽ വകുപ്പു തല അന്വേഷണവും ആരംഭിച്ചതായാണ് സൂചന