കൊച്ചി: ജനതാദൾ (എസ്) കേരളഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുന്നു. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന ജനതാദൾ (എസ്) ദേശീയതലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ സാഹചര്യത്തിലാണ് ദേശീയ പാർട്ടിയുമായി ബന്ധം ഉപേക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് സ്പീക്കർ എ.എൻ. ഷംസീറിനു ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് കത്തു നൽകി.
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായുള്ള ലയന സമ്മേളനം 17-ന് രാവിലെ 10-ന് എറണാകുളത്ത് നടക്കും. ചക്രമാണ് ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകുതി പച്ചയും പകുതി വെള്ളയുമാണ് പതാക. കർഷകത്തൊഴിലാളി ഐക്യം, സോഷ്യലിസ്റ്റ് ആശയധാര, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് പതാകയിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ.
2022 സെപ്റ്റംബറിൽ ചേർന്ന ജനതാദൾ (എസ്) പാർട്ടിയുടെ, ദേശീയ സമ്പൂർണ സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ നിലപാടിനു വ്യത്യസ്തമായി പാർട്ടി കർണാടകയിൽ ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുകയും കേന്ദ്രമന്ത്രിസഭയിൽ പങ്കാളികളാകുകയും ചെയ്തതാണ് നിലപാടിൽ മാറ്റം വരാൻ കാരണമായതെന്ന് മാത്യു ടി. തോമസ് വ്യക്തമാക്കി.






