തൃശൂര്‍ : പതിനാല് ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് സംഘടിപ്പിക്കുമെന്ന് സുരേഷ് ഗോപി എം പി. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണം. കലുങ്ക് സംവാദം സൗഹൃദ വേദിയാണ്. എതിർക്കുന്നവർക്കെല്ലാം ഇത് ഒരു തീവ്ര ശക്തിയായി ഇനി മാറും. ഇത് താക്കീത് അല്ല അറിയിപ്പാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
എന്താണ് അധികാര പരിധിയിൽ വെച്ച് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ട്. എം പി സ്ഥാനത്ത് ഇരുന്ന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ നിന്ന് ഇറങ്ങിയിട്ടില്ല എന്നാണ് മറ്റൊരു ആരോപണം. എന്തിന് സിനിമയിൽ നിന്ന് ഇറങ്ങണം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്കാണ് മുൻഗണനയെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
തൃശൂരിൽ ഇന്ന് നാലിടങ്ങളിലാണ് സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദം നടത്തുന്നത്. കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, മരത്താക്കര, പുതുക്കാട് എന്നിവിടങ്ങിലാണ്. പ്രാദേശികമായുള്ള പൊതു ആവശ്യങ്ങൾ സംവാദ പരിപാടിയിൽ ചർച്ച ചെയ്യും.
അതേസമയം സുരേഷ് ഗോപി അപേക്ഷ നിരസിച്ച കൊച്ചു വേലായുധന് വീട് നൽകുമെന്ന് സിപിഎം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സുരേഷ് ഗോപി ചേർപ്പ് പുള്ളിൽ നടത്തിയ കലുങ്ക് സംവാദത്തിനിടെ പ്രദേശവാസിയായ കൊച്ചു വേലായുധൻ എന്ന വയോധികനാണ് അപേക്ഷയുമായി എത്തിയത്.
കൊച്ചു വേലായുധന്‍റെ അപേക്ഷ സുരേഷ് ഗോപി നിരസിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം സുരേഷ്‍ഗോപിക്കെതിരെ സിപിഎം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ അവഹേളിച്ച കൊച്ചു വേലായുധന് വീട് നിർമ്മിച്ച് നൽകുമെന്നാണ് സിപിഎം പ്രഖ്യാപിച്ചത്.






