കൊല്ലം: കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി വയനാട് ജില്ല രണ്ടാം വട്ടവും ചാമ്പ്യന്‍മാരായി. 27 പോയിന്‍റുമായി തൃശൂര്‍ ജില്ല രണ്ടാം സ്ഥാനവും 25 പോയിന്‍റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും നേടി.അവസാന നിമിഷം വരെ വ്യക്തമായ ലീഡ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു വയനാടിൻറെ കിരീട നേട്ടം. കഴിഞ്ഞ വര്‍ഷം ബഡ്സ് കലോത്സവത്തില്‍ നേടിയ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ കഴിഞ്ഞതിന്‍റെ ഇരട്ടി ആഹ്ളാദത്തോടെയാണ് ജില്ലാ ടീമിന്‍റെ മടക്കം.
ചാമ്പ്യന്‍മാരായ വയനാട് ജില്ലയ്ക്ക് ട്രോഫിയും അഞ്ചു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലയ്ക്ക് ട്രോഫിയും മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് ട്രോഫിയും രണ്ടു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്തു.
മികച്ച ബഡ്സ് ഉല്‍പന്ന സ്റ്റാളുകളുടെ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കുള്ള പുരസ്കാരം, വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാരം, കലോത്സവ നഗരിയില്‍ മികച്ച സുരക്ഷയൊരുക്കിയ പോലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്കുമുളള പുരസ്കാരം എന്നിവ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.പി.കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് എന്നിവര്‍ സംയുക്തമായി വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീജ ഹരീഷ്, കോര്‍പ്പറേഷന്‍ ആരോഗ്യ കാര്യ സ്ഥിരംസമിതി അധ്യക്ഷ യു.പവിത്ര, സി.ഡി.എസ് അധ്യക്ഷമാരായ സുജാത എസ്, സിന്ധു വിജയന്‍, വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്‍ പി.കെ, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാരായ ഉന്‍മേഷ് ബി, രതീഷ് കുമാര്‍, കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി.രാജന്‍ എന്നിവര്‍ പങ്കെടുത്തു കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ ആര്‍ സ്വാഗതവും അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അനീസ എ കൃതജ്ഞതയും പറഞ്ഞു.