തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാം.
ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.
പുതുതായി പേര് ചേർക്കുന്നതിനും (ഫോറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷകന്റെ മൊബൈൽ നമ്പറുപയോഗിച്ച് സിറ്റിസൺ രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷ നൽകേണ്ടത്. ജില്ല, തദ്ദേശസ്ഥാപനം, വാർഡ് , പോളിംഗ് സ്റ്റേഷൻ എന്നിവ തിരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നൽകണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഹിയറിംഗ് വേളയിൽ നേരിട്ട് നൽകാവുന്നതാണ്. അക്ഷയ സെന്റർ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങൾ മുഖേനയും അപേക്ഷ സമർപ്പിക്കാം