തിരുവനന്തപുരം : മലയാളി പ്രവാസികൾ 2023ൽ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപ. 22 ലക്ഷം മലയാളികളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നത്. 2023ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
കുടിയേറ്റത്തിലെ പുതിയ പ്രവണതകൾ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ്വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തിൽ നയപരമായ ഇടപെടലുകൾ ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തിൽ നടത്തിയ മൈഗ്രേഷൻ സർവേ റിപ്പോർട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ നാട്ടിലേക്കെത്തുന്ന ആകെ എൻആർഐ പണമായി 85,092 കോടി രൂപയായിരുന്നു കണ്ടെത്തിയിരുന്നെങ്കിൽ അഞ്ചു വർഷത്തിനിപ്പുറം അതിൽ 154.9 ശതമാനം വർധനവു കാണിക്കുന്നു. രാജ്യത്തിന്റെ എൻആർഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. കേരളത്തിൽനിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗണ്യമായ വർധയുണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട് പറയുന്നത്.എന്നാൽ വിദ്യാർഥി കുടിയേറ്റം വൻതോതിൽ വർധിച്ചതായും മൊത്തം പ്രവാസികളിൽ 11.3 ശതമാനം പേർ വിദ്യാഥികളാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.