പത്തനംതിട്ട: വന്യജീവി ശല്യം പരിഹരിക്കുന്നതിന് കഴിഞ്ഞ രണ്ടു വർഷത്തിനിടെ കൃഷി വകുപ്പ് 28 കോടി രൂപ അനുവദിച്ചതായി മന്ത്രി പി പ്രസാദ്. വന്യജീവി ആക്രമണ പ്രതിരോധ പ്രവർത്തന പദ്ധതികളുടെ ഉദ്ഘാടനം റാന്നി തുലാപ്പള്ളിയിൽ നിർവഹിക്കുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി. വന്യജീവി ആക്രമണം മൂലം നാശം നേരിട്ട കർഷകർക്ക് ആദ്യ ഘട്ടത്തിൽ മൂന്നു കോടി രൂപ നൽകി.
പിന്നീട് ഈ സാമ്പത്തിക വർഷം ആർ.കെ.വി. വൈയിൽ ഉൾപ്പെടുത്തി 25 കോടി രൂപ കൂടി അനുവദിച്ചു. സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് വന്യജീവിശല്യം പരിഹരിക്കുന്നതിന് കൃഷി വകുപ്പ് തുക നീക്കിവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണ പ്രതിരോധത്തിനായി എ ഐ സഹായത്താൽ പ്രവർത്തിക്കുന്ന നൂതന ഉപകരണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രശ്ന ബാധിത മേഖലകളിൽ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമോദ് നാരായൺ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടമായി വെച്ചൂച്ചിറ, പെരുന്നാട്, നാറാണമൂഴി , വടശ്ശേരിക്കര പഞ്ചായത്തുകളിൽ സൗരോർജ വേലികൾ ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങൾ നിർമിക്കും.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനൻ, ലതാ മോഹൻ, അംഗങ്ങളായ സി എസ് സുകുമാരൻ, റിൻസി ബൈജു, മഞ്ജു പ്രമോദ് , ശ്യാം മോഹൻ തുടങ്ങിയവർ പങ്കെടുത്തു.