പത്തനംതിട്ട : ശബരിമല തീര്‍ഥാടനകാലത്ത് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിമുറി മാലിന്യസംസ്‌കരണത്തിനായുള്ള രണ്ട് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ (എംടിയു) കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രണ്ട് യൂണിറ്റുകള്‍ കൂടി ഡിസംബര്‍ 15 ന് ശബരിമലയില്‍ എത്തിക്കും.
ഒരു തവണ ഓരോ എംടിയുവിനും 6000 ലിറ്റര്‍ ശുചിമുറി മാലിന്യം സംസ്‌കരിക്കാനാവും. ഒരു ദിവസം നാല് തവണയായി 24000 ലിറ്റര്‍ മാലിന്യം വരെ ഒരു യൂണിറ്റിന് സംസ്‌കരിക്കാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. യൂണിറ്റുകളുടെ ഫ്‌ലാഗ് ഓഫ് തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് നിര്‍വഹിച്ചിരുന്നു.
വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ള എംടിയുകള്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ശബരിമലയില്‍ എത്തിക്കുന്നത്. മണ്ഡലകാലം അവസാനിക്കുന്നതുവരെ ഇവ ശബരിമലയില്‍ തുടരും. വ്യത്യസ്ത കേന്ദ്രങ്ങളിലെത്തി മാലിന്യം സംസ്‌കരിക്കാനാവും എന്നതാണ് മൊബൈല്‍ പ്ലാന്റുകളുടെ പ്രധാന സവിശേഷത. ജനത്തിരക്കുള്ള പ്രദേശങ്ങളിലും പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലും ഈ സൗകര്യം വളരെ പ്രയോജനപ്രദമാണ്.