ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ജന്മദിന ആശംസകൾ അറിയിച്ചു. യഥാർഥ നേതൃത്വമെന്നാൽ മോദിയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രശംസിച്ചു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ബിജെപി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് .
ഗുജറാത്ത് മെഹ്സാന ജില്ലയിലെ വടനഗറിൽ 1950 സപ്തംബർ 17 നാണ് നരേന്ദ്ര ദാമോദർദാസ് മോദിയുടെ ജനനം .രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച പ്രഥമപ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. നെഹ്രുവിനു ശേഷം മൂന്നാംവട്ടവും പ്രധാനമന്ത്രിയായ വ്യക്തി. ജന്മദിനത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിൽ എത്തും .
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യത്തുടനീളമുള്ള ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രധാനമന്ത്രി മാതൃ വന്ദന യോജനയ്ക്ക് കീഴിലുള്ള ഫണ്ടുകൾ 10 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പ്രധാനമന്ത്രി നേരിട്ട് കൈമാറും. മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി പ്രധാനമന്ത്രി സുമൻ സഖി ചാറ്റ്ബോട്ട് ആരംഭിക്കും.