തിരുവനന്തപുരം: സംസ്ഥാനത്ത് കന്യാസ്ത്രീകളെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കും. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഇവരെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം നൽകി. അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ശമ്പളം, പെൻഷൻ, സർക്കാരിൻ്റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്തവർക്കാണ് പരിഗണന. പെൻഷൻ അനുവദിക്കുന്നതിന് പൊതുവിൽ നിർബന്ധമാക്കിയിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നൽകും.






